Tuesday, May 8, 2007

സ്പൈഡര്‍മാന്‍ - മൂന്ന്

ഹൊ! ഈ മുടിഞ്ഞ ട്രാഫിക് ജാം, ഒരു മണിക്കൂറെടുത്തു വീടെത്താന്‍. ലിഫിറ്റില്‍ നിന്നും പുറത്തേക്കിറങ്ങിയ വഴി ഏതാണ്ട് രണ്ടരയടി ഉയരമുള്ള ഒരു നീലയും ചുവപ്പും നിറത്തിലുള്ള സാധനം എന്റെ മുന്നിലൂടെ ശര്‍ര്‍......... എന്ന് പാഞ്ഞു. ഹൈ! ന്തെന്താപ്പാ കുട്ടിച്ചാത്തനോ? അല്ലല്ലോ ഇവനാ ഫിലിപ്പിനോ പയ്യന്‍സ് അല്ലേ, അവന്‍ പുതിയ സ്പൈഡര്‍മാന്‍ സൂട്ട് കിട്ടിയതിന്റെ ആഘോഷമാണ്. എന്റെ ഫ്ലാറ്റിലേക്ക് നടക്കും വഴി തുറന്ന് കിടക്കുന്ന വാതിലിലൂടെ അവന്‍ കയറിപ്പോയ സ്റ്റെയര്‍ കേസിലേക്ക് ഞാന്‍ ഒന്നു കണ്ണോടിച്ചു. ദാണ്ടെ കോവണിയുടെ കൈവരിയില്‍ തൂങ്ങി അവന്‍ സര്‍ക്കസ് കളിക്കുന്നു. “ഡാ മോനേ.... വേണ്ടെടാ, താഴെപ്പോയാ അനിക്സ്പ്രേയുടെ പരസ്യം പോലെ ഇരിക്കും” ഞാന്‍ അവനെ നോക്കി വിളിച്ചു പറഞ്ഞു. ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കിയിട്ട് ഞാന്‍ പറഞ്ഞത് എന്തോ മനസ്സിലായി എന്ന പോലെ ഓ കേ..... എന്നും പറഞ്ഞ അവന്‍ അപ്പുറത്തേക്കോടി. ഇവന്‍ മിക്കവാറും സമയം ഈ കോറിഡോറില്‍ കാണും ഒറ്റക്ക്. പല തവണ എന്തോ ഒരു ശല്യം ഒഴിവാക്കുന്നത് പോലെ അവന്റെ അമ്മ അവനെ പുറത്താക്കി വാതിലടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഏയ് അത് അവന്റെ അമ്മയാവന്‍ വഴിയില്ല, അമ്മ അങ്ങിനെ ചെയ്യുമോ. ഞാന്‍ വാതില്‍ തുറക്കുന്നതിനിടയില്‍ രണ്ട് മൂന്ന് തവണ അവന്‍ എന്റെ അരികിലൂടെ അങ്ങോടും ഇങ്ങോടും ഓടുന്നുണ്ടായിരുന്നു. കഷ്ടിച്ച് ഒന്നര മീറ്റര്‍ പോലും വീതിയില്ലാത്ത ചുവരുകള്‍ക്കിടയില്‍ പെട്ട് പോയ ആ ബാല്യത്തോട് എനിക്ക് സഹതാപം തോന്നി. അകത്ത് കയറി ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ശീതികരണിയും ഇട്ട് കിടക്കുമ്പോള്‍ എന്റെ ബാല്യം മനസ്സിലേക്ക് ഓടിവന്നു.

കെ എസ് ഇ ബി യുടെ കളമശ്ശേരിയിലുള്ള മനോഹരമായ ക്വാര്‍ട്ടേഴ്സുകളില്‍ ആയിരുന്നു എന്റെ ബാല്യവും കൌമാരവും യൌവനത്തിന്റെ നല്ല ഒരു ഭാഗവും ഒക്കെ....

വേനലവധി തീരാറായി, ഇനി മൂന്നാം ക്ലാസിലേക്ക് പോകേണ്ടത് പുതിയ സ്കൂളിലേക്കാ. അതിനാണെങ്കില്‍ ഇനി അധികം ദിവസങ്ങളും ഇല്ല.... ഏപ്രില്‍ പോലെ അല്ല ഈ മെയ് പെട്ടന്നങ്ങ് തീര്‍ന്ന്കളയും. ഹും ഇതൊക്കെ ആലോചിച്ച് തല പുണ്ണാക്കാന്‍ നിങ്ങള്‍ വേറേ ആളെ നോക്കിയാ മതി. . ഇന്ന് കാലത്ത് കാപ്പി കുടിച്ചിട്ടേ പോകാന്‍ സമ്മതിക്കൂ എന്ന് അമ്മ വാശി. അമ്മ ഇങ്ങനെയാ എപ്പളും ഈ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് വാശി പിടിക്കും. എല്ലാം കഴിച്ചു എന്ന് വരുത്തി ഞാന്‍ ഇറങ്ങി ഓടുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു.....”അമ്മേ ഞാന്‍ രതീഷിന്റെവീട്ടീ പോകുവാ....“ ഇന്ന് ശനിയാഴ്ചയാ 10:30ന് സ്പൈഡര്‍മാന്‍ ഉണ്ട് ഓടുന്നതിനിടയില്‍ ഞാന്‍ ഓര്‍ത്തു. രതീഷിന്റെ വീട്ടില്‍ എല്ലാരും രാവിലെ തന്നെ എത്തിയിട്ടുണ്ട് മനൂം വിനൂം കപിലും ജെന്‍സിയും ദിവ്യയും എല്ലാം. ഞങ്ങള്‍ കപിലിന്റെ വീട്ടിലേക്ക് വെച്ച് പിടിച്ചു. കളി അവിടെ നടത്താം, കപിലിന്റെ വീട്ടില്‍ ടീവി ഉണ്ട്. കപിലിന്റെ വീടിന്റെ വടക്ക് വശത്തെത്തിയപ്പോള്‍ തന്നെ മതിലുവഴി എല്ലാവരും വലിഞ്ഞ് കയറി. കപിലിന്റെ വീടിന്റെ വടക്ക് വശത്ത് ഒരു മൂവാണ്ടന്‍ മാവുണ്ട്. താഴെ കൊമ്പൊന്നുമില്ല, മതിലില്‍ കയറിയാലേ കയറാനൊക്കൂ. ഒരു വശത്തേക്ക് ഞാന്ന് കിടക്കുന്ന കമ്പിലൂടെ വീടിന്റെ മുകളിലേക്കും കയറാം. കൈനിറയെ പച്ച മാങ്ങയുമായി പതുക്കെ വീട്ടിലേക്ക് കയറിച്ചെന്നു. നേരെ അടുക്കളയില്‍ ചെന്ന് പറഞ്ഞു “ശുഭാന്റീ കുറച്ച് ഉപ്പും മുളകും താ.....” അതൊക്കെ മിക്സ് ചെയ്തെടുത്തപ്പോളേക്കും പാട്ട് തുടങ്ങി.....

“സ്പൈഡര്‍മാന്‍.. സ്പൈഡര്‍മാന്‍..
ഡസ് വാട്ടെവര്‍ എ സ്പൈഡര്‍ കാന്‍
‍സ്പിന്‍സ് ദ വെബ്, എനി സൈസ്
കാച്ചെസ് തീഫ്‌സ് ജസ്റ്റ് ലൈക്ക് ഫ്ലൈസ്
ലുക്ക് ഔട്! ഹിയര്‍ കംസ്....ദ സ്പൈഡര്‍മാന്‍..”

ഉപ്പും മുളകൂം കൂട്ടി മൂവാണ്ടന്‍ മാങ്ങയും തിന്ന് സ്പൈഡര്‍മാനേയും നോ‍ക്കി ഇരുന്നു എല്ലാരും. ആ ഹാ.... അര മണിക്കൂറ് പോയതറിഞ്ഞില്ല സ്പൈഡര്‍മാന്‍ എന്തൊക്കെയാ ചെയ്യുന്നെ....... ഓടുന്നു ചാടുന്നു വലയില്‍ തൂങ്ങി പറ പറക്കുന്നു. ഏതായാലും ഇത് കഴിഞ്ഞു ഇനി ബാക്കി കളികള്‍ക്കായി നമുക്ക് മനൂന്റേം വിനൂന്റേം വീട്ടിലേക്ക് പോകാം എന്നു തീരുമാനിച്ചു. അവിടെ ചെന്ന് വീണ്ടും പല കളികള്‍ തുടങ്ങി. അവിടെ മുന്‍‌വശത്തെ മുറ്റത്ത് ഒരു വലിയ പേരമരം ഉണ്ട്. കളിച്ചോണ്ടിരിക്കുന്നതിനിടയില്‍ ആരോ കണ്ടു നല്ല ഗമണ്ടന്‍ പേരക്കകള്‍ ഒരു അഞ്ചാറെണ്ണം. പിന്നെ യാതൊരു താമസവും ഉണ്ടായില്ല എല്ലാവരും പേരയുടെ മുകളില്‍ എത്തി. പേരക്കയും തിന്നോണ്ടിരിക്കുന്നതിനിടയില്‍ താഴേക്കിറങ്ങും വഴി ഞാന്‍ ഒരു പുതിയ കളി കണ്ടു പിടിച്ചു. മതിലില്‍ നിന്നും അല്പം അകലെയായി നില്‍ക്കുന്ന കമ്പിലേക്ക് ചാടിപ്പിടിച്ച് തൂങ്ങി ആടി താഴേക്ക് ചാടുക. ഇതിനിടയില്‍ സ്പൈഡര്‍മാന്റെ പാട്ട് ഉറക്കെ വിളിച്ച് കൂവുക. (അന്ന് മുകളില്‍ എഴുതിയിരിക്കുന്ന വരികള്‍ ഒന്നും അറിയില്ലാട്ടോ. സ്പൈഡര്‍മാന്‍ സ്പൈഡര്‍മാന്‍ എന്നും പിന്നെ വായില്‍ തോന്നുന്ന കുറേ ശബ്ദങ്ങളും ചേര്‍ത്ത് പറയുക, അതു തന്നെ പാട്ട് ). പുതിയ കളിയുടെ പേരും ഇട്ടു, “സ്പൈഡര്‍മാന്‍ കളി“. കളി കൊള്ളാം പിന്നീട് എന്റെ വീടിന്റെ പിന്നിലുള്ള ഞാന്ന് കിടക്കുന്ന മാവില്‍ കണ്ടു പിടിച്ച ടാര്‍സന്‍ കളിയോളം വരില്ലെങ്കിലും ഇത് അപ്പോ ഹിറ്റായി. തൂങ്ങാനും ചാടാനും ക്യൂ ആയി.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒര്‍ത്തു ഇതിങ്ങിനെ പോയാ പെട്ടന്ന് തന്നെ ബോറാവും. എല്ലവരും ഒരേപോലെ തൂങ്ങുന്നു ചാടുന്നു. ഞാന്‍ അടുത്ത് പുതിയ രീതിയില്‍ ചാടാം, പുതിയ ഒരു ചാട്ടം മനസ്സില്‍ കണ്ട് വെച്ച് ഞാന്‍ ക്യൂ വില്‍ നിന്നു. ഇപ്പൊ ചാടുന്ന പോലുള്ള സാദാ ചാട്ടമല്ല....കുറച്ചൂടെ ശക്തിയില്‍ ചാടണം ആട്ടത്തിനും കഴിവതും ഒരു സ്പൈഡര്‍മാന്‍ ടച്ച് വേണം. ഞാന്‍ ചാടി...... ആഹാ... അതു കൊള്ളാം മറ്റ് വാനരന്മാരും പ്രോത്സാഹിപ്പിച്ചു. അതില്‍ നിന്നുമുള്ള പ്രചോദനം ഏറ്റ് കൊണ്ട് ഞാന്‍ വീണ്ടും ശക്തിയില്‍ ഒന്നൂടെ ചാടി. ചാട്ടത്തിന്റെ ശക്തി ഇത്തിരി കൂടിപ്പോയെന്ന് തോന്നുന്നു. ഞാന്‍ ആടി ഏതാണ്ട് ഹൊറിസോണ്ടല്‍ ആയപ്പോള്‍ കയ്യും വിട്ടു പോയി. നിലത്തേക്ക് നോക്കിയപ്പോള്‍ ഒത്തിരി ദൂരം ഉള്ളത് പോലെ തോന്നി, വീഴാന്‍ പോവുന്നതാണെങ്കില്‍ നടുവും തല്ലി, നടു ഒടിഞ്ഞത് തന്നെ. എന്റമ്മേ! വേണ്ട നടു ഒടിഞ്ഞാ പണിയാകും, ഞാന്‍ ബുദ്ധിപൂവ്വം ഒരു കൈ കുത്താന്‍ പാകത്തിന് റെഡിയാക്കി വെച്ചു. ടും!... ഒരു ശബ്ദം കേട്ടു. ഞാന്‍ ചെറുതാ‍യത് കൊണ്ടായിരിക്കും അത്രയും ശബ്ദമേ കേട്ടുള്ളൂ. കിടക്കുന്ന കിടപ്പില്‍ നിന്നും എഴുന്നേറ്റിരുന്നു മെല്ലെ ഇരുന്നു. കൈ അനക്കാനാവുന്നില്ല. പതുക്കെ കൈയ്യിലേക്ക് നോക്കി. അയ്യോ! ഇടത്തേക്കൈയ്യിന്റെ ഷേപ്പേ മാറിപ്പോയി, നീളവും കുറവ്. മരവിച്ച് പോയത് കൊണ്ടാണെന്ന് തോന്നുന്നു എനിക്ക് വേദന ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ കീറിപ്പൊളിക്കുല്‍ ഒന്നും ഉണ്ടായിരുന്നില്ല. കയ്യിലെ രണ്ട് എല്ല് ഒടിഞ്ഞ് ‘ഗ്’ രൂപത്തിലായ എന്റെ കയ്യില്‍ നോക്കി കപില്‍ ചേട്ടനോട് പറഞ്ഞു ”വൈശാഖേ, എടാ അവന്റെ കൈ ഉളുങ്ങിയതാ... കൂടിയ ഉളുക്കാ. ഒന്ന് ശരിക്ക് കുടഞ്ഞാ ശരിയാവും“. അധികം ഒന്നും ചെയ്യാന്‍ കഴിയുന്നുണ്ടായില്ലെങ്കിലും ഇതു കേട്ടപ്പോ ഞാന്‍ “വേണ്ട കുടയണ്ട“ എന്നും പറഞ്ഞ് പതുക്കെ ഏന്തി വലിഞ്ഞ് വീട്ടിലേക്ക് നടന്നു.

ആരോ പറഞ്ഞ് അമ്മ ഇതിനകം അറിഞ്ഞു കഴിഞ്ഞിരുന്നു. വഴിയിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ ഓടി വരുന്ന അമ്മയെ ഞാന്‍ കണ്ടു. അടികൊള്ളാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ സാധാരണയായി ഞാന്‍ പ്രയോഗിക്കാറുള്ള എന്റെ പുഞ്ചിരി പുറത്തെടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു “അമ്മേ, ഞാന്‍ വീണു :) ” എന്നെ വാരിയെടുത്തു കൊണ്ട് വീട്ടിലേക്ക് പോകുമ്പോ അമ്മ കരയുന്നുണ്ടായിരുന്നു. അമ്മ എന്തിനാമ്മേ കരയുന്നേ എന്ന് ഞാന്‍ ചോദിച്ചതിന് അമ്മ മറുപടി ഒന്നും തന്നില്ല. അച്ഛന്‍ അന്ന് പകല്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല, വീട്ടിലുണ്ടായിരുന്ന ഇളയച്ഛന്‍ ഷേവ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. പാതി ഷേവ് ചെയ്ത മുഖവുമായി ഇളയച്ഛന്‍ ഒരു ടാസ്കി വിളിച്ച് എന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു.

ലക്ഷ്മി നേഴ്സിങ്ങ് ഹോം - ആലുവ. ‘ഗ’ പോലിരിക്കുന്ന കയ്യും ചിരിക്കുന്ന മുഖവുമായി വന്നു കയറിയ എന്നെ എല്ലാവരും നോക്കുന്നുണ്ടായിരുന്നു. ഡോക്ടര്‍ മുകുന്ദന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ആദ്യമായി വരുന്നതൊന്നുമല്ല. അതുകൊണ്ട് തന്നെ പല നേഴ്സ്മാര്‍ക്കും എന്റെ മുഖം പരിചിതമായിരുനു. എത്രയും പെട്ടന്ന് എക്സ് റേ എടുക്കാന്‍ പറഞ്ഞു. എന്നെ വീല്‍ചെയറില്‍ ഇരുത്തി, അതെനിക്കത്ര ഇഷ്ടപ്പെട്ടില്ല. അതു കഴിഞ്ഞപ്പോ പുറത്ത് ഒരു ചുവന്ന ബള്‍ബ് ഉള്ള ഒരു മുറിയിലേക്ക് കയറ്റാന്‍ പോകുന്നു. എക്സ് റേ എടൂക്കാനാത്രേ...... ഇതു ഞാന്‍ സിനിമയിലൊക്കെ കണ്ടിട്ടുള്ളതാ, ആ ലൈറ്റ് എങ്ങാന്‍ കെട്ടാല്‍ എന്റെ കാര്യം ഡിം! എന്റെ സ്വഭാവം പെട്ടന്ന് മാറി, വീല്‍ചെയറില്‍ ഇരുന്ന് ഞാന്‍ ആ ഹോസ്പിറ്റല്‍ മുഴുവന്‍ കേള്‍ക്കുന്ന രീതില്‍ അലറിക്കരഞ്ഞു ”എനിക്കെ എക്സ് റേ എടുക്കണ്ടേ..........“. കുറേപ്പേര്‍ നോക്കുന്നുണ്ടെങ്കിലും ആ നിലവിളി കേള്‍ക്കേണ്ടവര്‍ ആരും കേട്ട ഭാവം പോലും നടിച്ചില്ല. എന്റെ കൈ ഒരു മേശപ്പുറത്ത് വച്ച് എക്സ് റേ മെഷീന്‍ അതിനു മുകളില്‍ പൊസിഷന്‍ ചെയ്തപ്പോള്‍ ഞാന്‍ ഒന്നു ഭയന്നു. ദൈവമേ ഈ സാധനം താഴ്ത്തി കൊണ്ട് വന്ന് ചേര്‍ത്ത് വെച്ച് ഞെക്കി ശരിയാക്കന്‍ ഉള്ള പരിപാടിയാണോ, പ്രാണന്‍ പോയത് തന്നെ. ഇല്ല എക്സ് റേ റൂമില്‍ ഞാന്‍ ഭയന്ന പോലെ ഒന്നും നടന്നില്ല. എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ട് പോയി. അത് ഓപറേഷന്‍ തീയറ്റര്‍ ആയിരുന്നത്രേ. ഭാഗ്യം ഞാനതറിഞ്ഞില്ല, ഇല്ലെങ്കില്‍ നേരത്തേ നടന്നതിന്റെ ബാക്കി അങ്കം നടത്തേണ്ടി വന്നേനെ. അവിടെ ഒരു കട്ടിലില്‍ ഇരുത്തി ഒരു നേഴ്സ് ഒരു കൈയ്യില്‍ പഞ്ഞിയും മറ്റും എടുത്ത് കൊണ്ടിരിക്കുന്നതിനിടയില്‍ സൂത്രത്തില പല ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. അപ്പളേ എനിക്ക് തോന്നി ഇതിലെന്തോ ചതി ഉണ്ടല്ലോ എന്ന്.10 മുതല്‍ 0 വരെ എണ്ണാന്‍ പറഞ്ഞിട്ട് ഞാന്‍ എണ്ണിത്തീര്‍ക്കുന്നതിന് മുന്നേ തന്നെ അവര്‍ എന്റെ മുഖത്ത് പഞ്ഞി പൊത്തി. അയ്യോ.... അമ്മേ......... ഞാന്‍ അലറി.......

പിന്നെ ഒന്നും ഓര്‍മ്മയില്ല കണ്ണ് തുറന്നപ്പോ അമ്മ അരികില്‍ ഉണ്ട്. കയ്യില്‍ ‘എല്‍’ ഷേപ്പില്‍ ഒരു വെള്ള സാധനം അതിനുള്ളിലാണിപ്പോ കൈ. ഞാന്‍ കരഞ്ഞതൊന്നും ആരും കേട്ടു പോലും ഇല്ല എന്ന് പറഞ്ഞു. അലറിയതിന്റെ ബാക്കിയെന്നോണം വായില്‍ മുഴുവന്‍ ക്ലോറോഫോമിന്റെ വൃത്തികെട്ട ചുവ. മൂന്നാഴ്ച ആശുപത്രിയില്‍ ജയില്‍ വാസം വിധിച്ചു കിട്ടി. ഇടക്കിടെ മുറിക്ക് പുറത്ത് കറങ്ങി നടന്ന എനിക്ക് ഇനി മേലാല്‍ മുറിക്ക് പുറത്തിറങ്ങരുത് എന്നും ഉത്തരവു കിട്ടി. പിന്നെ നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ ഞാന്‍ മുറിക്കകത്ത് ഒരു പുതിയ കളി തുടങ്ങി. കൂടെ നിക്കുന്ന ആളിന്റെ കണ്ണ് തെറ്റിയാല്‍ മുറിയിലെ മരം കൊണ്ടുണ്ടാക്കിയ സ്റ്റൂള്‍ വലിച്ച് രണ്ട് കട്ടിലിന്റെ നടുക്കിടും. പിന്നെ കട്ടില്‍ റ്റു സ്റ്റൂള്‍, സ്റ്റൂള്‍ റ്റു മറ്റേ കട്ടില്‍. പിന്നെ തിരിച്ച്, അതും വലിയ കുഴപ്പമില്ലാത്ത കളിയായിരുന്നു. ജയില്‍ വാസം കഴിഞ്ഞെങ്കിലും കൃത്യസമയത്ത് പുതിയ സ്കൂളില്‍ പോയി തുടങ്ങാന്‍ കഴിഞ്ഞില്ല. ജന്‍സി എന്റെ ക്ലാസ്സില്‍ തന്നെ ആയിരുന്നുത് കൊണ്ട് ജന്‍സിയുടെ പുസ്തകങ്ങള്‍ ഒക്കെ ഞാനും ഇടക്കൊക്കെ വാങ്ങി നോക്കി. ഈ കാര്യങ്ങള്‍ ഒക്കെ ക്ലാസ്സ് ടീച്ചറെ കണ്ട് ബോധിപ്പിക്കാന്‍ അമ്മയുടെ കൂടെ ചെന്നപ്പോ ക്ലാസ്സിനുള്ളില്‍ ഇരുന്ന് കുറെ ലവന്മാരും ലവളുമാരും എന്നെ നോക്കി, ശ്ശെടാ ഇവിനിത് എന്ത് പറ്റി എന്ന് സ്റ്റൈല്‍. ഞാനും ഗമ ഒട്ടും കുറച്ചില്ല, നിനിക്കൊക്കെ സ്പൈഡര്‍മാനെ പറ്റി എന്തറിയാം എന്ന സ്റ്റൈല്‍. അങ്ങിനെ സ്പൈഡര്‍മാന്‍ മൂന്നാം ക്ലാസ്സിലേക്ക് കയറി ഇരിക്കാന്‍ ഇത്തിരി കാലതാമസം എടുത്തു.

ഇപ്പോഴും ഇടക്ക് കൂട്ടുകാരും അമ്മയും ഇളയച്ഛനും ഇളയമ്മയും ക്വാര്‍ട്ടേഴ്സിലെ ആന്റിമാരും എല്ലാം പറയും എന്റെ സ്പൈഡര്‍മാന്‍ കളിയെ പറ്റി. എന്തിന് ഡോ. മുകുന്ദന്‍ ഏറെ നാളുകള്‍ക്ക് ശേഷം കാണുമ്പോഴും ഡോക്ടര്‍ക്ക് എന്നെ ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചാല്‍. താനാ കൈ ‘ഗ’ പരുവത്തില്‍ ആക്കി വന്ന ആളല്ലേ, ഓര്‍മ്മയുണ്ട് എന്ന് പറയുമായിരുന്നു.

Saturday, April 14, 2007

വെളിപാട്

ഇന്നലെ ഏപ്രില്‍ 13 വെള്ളിയാഴ്ച വൈകുന്നേരം എനിക്കൊരു വെളിപാടുണ്ടായി. ഒരു പുണ്യാളന്‍ എന്നോട് വന്ന് പറയുവാ “ഡാ വിപിനേ, പോയി ബ്ലോഗുകളിലൊക്കെ കയറി കുറച്ച വായന ഒക്കെ നടത്തെടാ, വെറുതെ വായിച്ചാല്‍ പോര അതിന് കമന്റും ഇടണം.” ശരി പുണ്യാളാ ഇടാവേ... എന്നു ഞാനും പറഞ്ഞു. അപ്പോ പുണ്യാളന്‍ പറയുവാ ചുമ്മാ മുഖമില്ലാതെയോ മുഖമൂടിയിട്ടോ അല്ല നീയും ഒരു ബ്ലോഗുണ്ടാക്കി ആ പ്രൊഫൈലില്‍ നിന്നുകൊണ്ട് വേണം കമന്റിടാന്‍. കര്‍ത്താവേ ചതിച്ചല്ലോ! “അതിന് എനിക്കങ്ങിനെ എഴുതാനും മറ്റും ഒന്നുമറിയില്ല പുണ്യാളാ.” ഞാന്‍ ഊരാന്‍ നോക്കി. “നീ എഴുതണ്ട ഒരു ബ്ലാങ്ക് ബ്ലോഗാണേലും ഒന്ന് തുടങ്ങിയിടണം” പുണ്യാളന്‍ വിടാനുള്ള പരിപാടിയില്ല. പുണ്യാളന്‍ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാനൊക്കുമോ....

അതു കൊണ്ട് പ്രിയ ബ്ലോഗര്‍മാരേ, ഞാനിവിടെ ഒരു മൂന്നടി മണ്ണ് എടുക്കുവാണേ.... ഈ സ്ഥലം പാഴായിപ്പോയാല്‍ പൊറുക്കണേ.

സസ്നേഹം,
വിപിന്‍.